ജന്മഭൂമിയുടെ ജന്മദിന ചിന്തകള്‍ ....... സന്തോഷ് അറയ്‌ക്കല്‍
എഴുത്തിലും വായനയിലും ശ്രദ്ധയൂന്നി പ്രസിദ്ധിപരാങ്‌മുഖനായി ആരോടും പരിഭവമില്ലാതെ വിശ്രമ ജീവിതം നയിക്കുന്ന ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി .നാരായണ്‍ജിയെക്കുറിച്ച് ജന്മഭൂമി ദിനപത്രത്തിന്റെ 33-ാം ജന്മദിനത്തോട് അനുബന്ധിച്ച് ജന്മഭൂമിയുടെ ഒരു മുന്‍ ലേഖകന്റെ കുറിപ്പുകള്‍ .
നവംബര്‍ 14, ജന്മഭൂമിയുടെ മറ്റൊരു ജന്മദിനം കൂടി വന്നണയുന്നു. ജന്മഭൂമിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരുകളില്‍ ഒന്ന് നാരായണ്‍ജിയുടേതാണ്. നാരായണ്‍ജിയുടെ പേര് പരാമര്‍ശിക്കപ്പെടാതെ ജന്മഭൂമിയുടെ ചരിത്രം എഴുതുക അസാധ്യമാണ് കാരണം ജന്മഭൂമിയുടെ ചരിത്രവും നാരായണ്‍ജിയുടെ ജീവിതവും പരസ്‌പരം ഇഴപിരിയാതെ മുന്നോട്ട് പോകുന്നതാണ്. നാരായണ്‍ജിയെപ്പോലെ തന്നെയോ അതിലേറെയോ ജന്മഭൂമിക്കു വേണ്ടി പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ കാലം ജന്മഭൂമിക്കു വേണ്ടി മാത്രം മാറ്റിവയ്‌ക്കപ്പെട്ട ജീവിതം നാരായണ്‍ജിയെ പോലെ മറ്റാര്‍ക്കുമുണ്ടാകില്ല.
ഒരാള്‍ തന്റെ ജീവിതത്തില്‍ കുടുംബത്തിനു വേണ്ടി എന്തു സംബാദിച്ചു എന്നതല്ല മറിച്ച് സമൂഹത്തിനു വേണ്ടി എന്തു ചെയ്‌തു എന്ന് നോക്കിയാണ് ഓരോരുത്തരുടേയും മഹത്വം കണക്കാക്കപ്പെടുന്നത്. നമുക്ക് വരമായി ലഭിച്ച മനുഷ്യജന്മം സമൂഹത്തിനായി സമര്‍പ്പിക്കുവാന്‍ കഴിയുക എന്നത് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അത്തപരത്തിലുള്ള നിരവധി മഹത്‌വ്യക്തികളുടെ പ്രവര്‍ത്തനഫലമാണ് നാം ഇന്ന് അനുഭവിക്കുന്നതെല്ലാം. സമര്‍പ്പണ ബുദ്ധിയോടെ കേരളത്തില്‍ ഹൈന്ദവ, ദേശീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പ്രധാനികളില്‍ ഒരാളാണ് നാരായണ്‍ജി എന്ന പേരില്‍ അറിയപ്പെടുന്ന പി.നാരായണന്‍.
ജന്മഭൂമിയുടെ ഈ മുപ്പത്തിമൂന്നാം ജന്മദിനത്തില്‍ വായനക്കാര്‍ക്ക് നാരായണ്‍ജിയെ വിശദമായ പരിചയം പുതുക്കലിന് അവസരമൊരുക്കുന്നത് നന്നായിരിക്കും. കാരണം സംഘപഥത്തിലൂടെ സഞ്ചരിച്ച് വരുംതലമുറയ്‌ക്ക് മാര്‍ഗ്ഗദര്‍ശകമായ ജീവിതം നയിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് നാരായണ്‍ജിയുടേത്.
അദ്ദേഹത്തിന്റെ കഴിവിനും പ്രതിഭയ്‌ക്കും ഉതകുന്ന വിധത്തിലുള്ള പ്രശസ്‌തി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നതു തന്നെയാണ് സത്യം. പക്ഷേ നാരായണ്‍ജി പ്രശസ്‌തി ആഗ്രഹിച്ചിരുന്നില്ല എന്നത് മറ്റൊരു വസ്‌തുത. ഏഴര പതിറ്റാണ്ടിനടുത്ത തന്റെ ജീവിത യാത്രയില്‍ അഞ്ചരപതിറ്റാണ്ടു കാലവും ഈ സമൂഹത്തിന്റെ ഭാഗമായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു എന്നു മാത്രമല്ല ഇന്നും അത് അനസ്യൂതം തുടരുന്നു.
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, രാജനൈതികരംഗത്തെ പ്രവര്‍ത്തകന്‍, സംഘ പ്രചാരകന്‍ തുടങ്ങി നാരായണ്‍ജിയ്‌ക്ക് അപ്രാപ്യമായ മേഖലകളൊന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ നിരവധി മേഖലകളെ അദ്ദേഹം സ്വന്തം കര്‍മ്മചൈതന്യം കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും അതില്‍ എടുത്തു പറയേണ്ട സംഗതി ജന്മഭൂമി ദിനപ്പത്രമാണ്. ജന്മഭൂമി ദിനപ്പത്രം ആരംഭിച്ച് അതിന്റെ ശൈശവ, ബാല, യൗവന, കാലഘട്ടങ്ങളിലെല്ലാം ബാധിച്ച മുഴുവന്‍ കഷ്‌ടപ്പാടുകളിലും ജന്മഭൂമിയെ നയിക്കാന്‍ നാരായണ്‍ജിയും കൂടെയുണ്ടായിരുന്നു.പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് കേസരി വാരിക ഏര്‍പ്പെടുത്തിയിട്ടുള്ള 50,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയ രാഷ്‌ട്രസേവാ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1974 ല്‍ മാതൃകാപ്രചരാണാലയത്തിന് ഓഹരി പിരിക്കാനും ജന്മഭൂമി പത്രമാരംഭിക്കുവാനുമുള്ള ചുമതല രാഷ്‌ട്രീയസ്വയംസേവക സംഘം ഏല്‍പിച്ചത് പ്രചാരകനായ പി. നാരായണ്‍ജിയെ ആയിരുന്നു. നാരായണ്‍ജിയുടെ നേതൃത്വത്തില്‍ സംഘ പ്രവര്‍ത്തകരുടെ പരിശ്രമത്തിലും സംഘത്തിന്റെ പിന്തുണയിലും 1975 ജനുവരി 28 ന് ജന്മഭൂമി ഒരു സായാഹ്നദിനപ്പത്രമായി കോഴിക്കോട്ടു നിന്നും ഏളിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ നാള്‍ മുന്നോട്ടു പോകാനായില്ല. അധികാരദുര്‍മോഹം ബാധിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ കറുത്ത യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജന്മഭൂമി പ്രവര്‍ത്തകരായ വന്ധ്യവയോധികനായ പി.വി.കെ നെടുങ്ങാടിയും നാരായണ്‍ജിയും അടക്കമുള്ളവര്‍ ജയിലിലാവുകയും ജന്മഭൂമി അടച്ചുപൂട്ടപ്പെടുകയും ചെയ്‌തു.
എഴുപതുകളുടെ ആരംഭകാലഘട്ടത്തിലാണ് സ്വന്തമായി ഒരു ദിനപ്പത്രം ആരംഭിക്കണമെന്ന് ചര്‍ച്ചകള്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയില്‍ ശക്തമാകുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ദിനപ്പത്രത്തിന്റെ ഓഹരി വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും, നമ്മുടെ ആശയപ്രചരണം പൂര്‍ണ്ണമാകണമെങ്കില്‍സ്വന്തമായി തന്നെ ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതൃകാ പ്രചരണാലയം എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചു. 1977 ല്‍ അടിയന്തിരാവസ്ഥ അവസാനിച്ചപ്പോള്‍ ജന്മഭൂമി ദിനപ്പത്രമായി പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ മാതൃകാ പ്രചരാണലയത്തിന്റെ ജനറല്‍ മാനേജരായി പി. നാരായണ്‍ജി നിയമിക്കപ്പെട്ടു. 1977 നവംബര്‍ 14 ന് ജന്മഭൂമി ദിനപ്പത്രമായി പുനരാരംഭിച്ചപ്പോള്‍ മുതല്‍ 2000 ജനുവരി 12 ന് ജന്മഭൂമയില്‍ നിന്നും പടിയിറങ്ങുന്നതു വരെയുള്ള കാല്‍നൂറ്റാണ്ടുകാലം ജന്മഭൂമിക്കൊപ്പം നാരായണ്‍ജിയും ഉണ്ടായിരുന്നു.
33 വയസ്സ് പ്രായമുള്ള ജന്മഭൂമി പത്രത്തിനൊപ്പം 23 വര്‍ഷം കൈപിടിച്ചും ബാക്കി പത്തു വര്‍ഷക്കാലം ഒപ്പം നടന്നും ജന്മഭൂമിയെ സമ്പന്നമാക്കുവാന്‍ ആ കൈകള്‍ക്ക് സാധിച്ചിട്ടുണ്ട്. ജനറല്‍ മാനേജര്‍, പ്രിന്റര്‍, പബ്ലിഷര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ തുടങ്ങി നാരായണ്‍ജി കൈവയ്‌ക്കാത്ത ഒരു മേഖലയും ജന്മഭൂമിയിലുണ്ടാകില്ല. ഇത്രയും സ്ഥാനങ്ങള്‍ ഒരു പത്രത്തില്‍ വഹിച്ച ഏതെങ്കിലും ഒരു വ്യക്തി വേറെയുണ്ടോ എന്ന് സംശയമാണ്.
ഇപ്പോഴും ഞായറാഴ്‌ചകളില്‍ ജന്മഭൂമി കൈയ്യില്‍ കിട്ടിയാല്‍ ഭൂരിഭാഗം വായനക്കാരും ആദ്യം മറിച്ചു നോക്കുക വാരാദ്യപതിപ്പിലെ സംഘപഥത്തിലൂടെ എന്ന പംക്തിയാണ്. ഈ പംക്തിയിലെ പ്രതിപാദ്യങ്ങള്‍ ആറുപതിറ്റാണ്ടു നീണ്ട സംഘചരിത്രത്തിന്റെ നേര്‍രേഖകളാണ്. ഇത് വായനക്കാരിലുണ്ടാക്കുന്ന അത്ഭുതം എത്രവലുതാണ് എന്നറിയാന്‍ നാരായണ്‍ജിയുടെ സപ്‌തതിക്ക് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പില്‍ പി.പരമേശ്വര്‍ജി എഴുതിയ വരികള്‍ ശ്രദ്ധിച്ചാല്‍ മതി.
``പല അവസരത്തില്‍ ഓര്‍മ്മക്കുറിപ്പുകളായി അദ്ദേഹത്തിന്റെ തൂലികയില്‍ കൂടി പുറത്തു വന്ന സംഭവവിവരണങ്ങളുടെ വിശദാംശങ്ങള്‍ അവയുടെ സൂക്ഷ്‌മതയും കൃത്യതയും കൊണ്ട് വായനക്കാരില്‍ ഉളവാക്കുന്ന ഉറപ്പും വിശ്വാസ്യതയും അനിഷേധ്യമാണ്. ചോദ്യം ചെയ്യാനാവാത്ത വിധം അത്രകണ്ട് അസന്നിഗ്‌ധമായതാണ് നാരായണ്‍ജിയുടെ പ്രതിപാദനരീതി. ചില അപൂര്‍വ്വ അവസരങ്ങളില്‍ എന്റെ സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം കുറിച്ചിട്ടുള്ളതില്‍ നിന്ന് അല്‍പസ്വല്‍പം വ്യത്യസ്‌തമായി തോന്നുമ്പോഴും അപാരമായ ഓര്‍മ്മശക്തിയില്‍ നിന്ന് അദ്ദേഹം ചികഞ്ഞെടുത്ത് എഴുതിയെന്തോ അത് തന്നെയാണ് യഥാര്‍ത്ഥ വസ്‌തുത എന്നു വിശ്വസിക്കുവാന്‍ പോലും ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിട്ടുണ്ട്.'' എന്നാണ് പരമേശ്വര്‍ജി സംഘപഥത്തിലൂടെ എന്ന പംക്തിയെ പരാമര്‍ശിച്ച് എഴുതിയിട്ടുള്ളത്.
ഈ പംക്തിയില്‍ പതിറ്റാണ്ടുകള്‍ പുറകോട്ടുള്ള സംഭവങ്ങള്‍ നാരായണ്‍ജി കൃത്യമായി എഴുതുന്നതെല്ലാം ഓര്‍മ്മയില്‍ നിന്നെടുത്താണ്. ഇതൊന്നും എഴുതി സൂക്ഷിക്കുന്ന സ്വഭാവം നാരായണ്‍ജിയ്‌ക്കില്ല.
അദ്ദേഹത്തിന് പരിഭവങ്ങളില്ലെങ്കിലും ജന്മഭൂമി വായനക്കാര്‍ക്ക് ജന്മഭൂമിയോട് ഒരു ചെറിയ പരിഭവമുണ്ട്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പുറത്തിറങ്ങിയ ജന്മഭൂമി വാര്‍ഷിക പതിപ്പുകളില്‍ നാരായണ്‍ജിയുടെ ഒരു ലേഖനം പോലും ഉണ്ടായിരുന്നില്ല എന്നതാണ് ആ പരിഭവം. മനഃപൂര്‍വ്വം അല്ലെങ്കില്‍പോലും അത്തരമൊരു കുറവ് ജന്മഭൂമി വരുത്തുവാന്‍ പാടില്ലായിരുന്നു. കേസരി, ചിതി, വാര്‍ത്തികം തുടങ്ങിയവയുടെ വാര്‍ഷികപതിപ്പുകളിലെല്ലാം നാരായണ്‍ജിയുടെ ലേഖനങ്ങള്‍ വന്നപ്പോഴും ജന്മഭൂമിയില്‍ അതില്ലാതെ വന്നതിന്റെ കുറവ് നാരായണ്‍ജിയ്‌ക്കല്ല മറിച്ച് അതിന്റെ കുറവ് ജന്മഭൂമിയ്‌ക്കാണ്.
ജന്മഭൂമിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതമല്ല നാരായണ്‍ജിയുടെ ജീവിതം. ജന്മഭൂമിയ്‌ക്കൊപ്പം തന്നെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചു കിടക്കുന്നു. രാജനൈതികരംഗത്ത് സജീവമായി നിന്നിരുന്നപ്പോള്‍ ഒരിക്കല്‍ പോലും തനിക്കായി എന്തെങ്കിലും സ്ഥാനമാനങ്ങളോ സ്വാധീനങ്ങളോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ഏതെങ്കിലും വ്യക്തികളോട് ഇഷ്‌ടാനിഷ്‌ടങ്ങള്‍ പ്രകടിപ്പിക്കുകയോചെയ്‌തിരുന്നില്ല. പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാമായ അടല്‍ ബിഹാരി വാജ്‌പേയിയ്‌ക്കും ലാല്‍കൃഷ്‌ണ അഡ്വാനിക്കുമൊപ്പം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയും അവരുമായുള്ള വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴും അതൊന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.
വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒരു വിദേശയാത്രയില്‍ പത്രപ്രതിനിധി എന്ന നിലയില്‍ കൂടെ സഞ്ചരിക്കുവാന്‍ നാരായണ്‍ജിക്ക് അവസരം ലഭിച്ചുവെങ്കിലും മോശം ആരോഗ്യസ്ഥിതി മൂലം അന്നതിന് സാധിച്ചിരുന്നില്ല. ഏതാനും നാളുകള്‍ക്ക് മുമ്പ് ഡല്‍ഹി സന്ദര്‍ശിച്ച വേളയില്‍ പ്രതിപക്ഷനേതാവ് എല്‍.കെ അഡ്വാനിയെ കണ്ട് പഴയ സൗഹൃദം പുതുക്കുകയും ചെയ്‌തിരുന്നു.
തൊടുപുഴയ്‌ക്കടുത്ത് മണക്കാട് എന്ന കൊച്ചുഗ്രാമത്തില്‍ ഒറ്റപ്ലാക്കല്‍ പത്മനാഭന്‍ നായരുടെയും സി.കെ ദേവകി അമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തവനായിട്ടാണ് നാരായണ്‍ജിയുടെ ജനനം. സ്‌ക്കൂള്‍ അദ്ധ്യാപകനും എന്‍.എസ്.എസ് പ്രവര്‍ത്തകനുമായ പിതാവിന്റെ സ്വപ്‌നം തന്നെപ്പോലെതന്നെ മൂത്തമകനെയും ഒരദ്ധ്യാപകനാക്കണമെന്നായിരുന്നു. അതിനായി മകന് ഉന്നതവിദ്യാഭ്യാസം നല്‍കുന്നതില്‍ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മണക്കാട് എന്‍.എസ്.എസ് മലയാളം സ്‌ക്കൂളിലും തൊടുപുഴ ഗവ. ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലുമായി പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലുമായിരുന്നു ഉപരിപഠനം.
കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടനാവുകയും സംഘപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്‌തു. തിരുവനന്തപുരം പുത്തന്‍ചന്ത ശാഖയിലൂടെയാണ് സംഘ സപര്യ ആരംഭിക്കുന്നത്.
പഠനം പൂര്‍ത്തിയാക്കി മടങ്ങി എത്തിയശേഷം തൊടുപുഴയില്‍ ആദ്യമായി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത് നാരായണ്‍ജിയാണ്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആദ്യത്തെ പ്രചാരകനും നാരായണ്‍ജിയായിരുന്നു. തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമീപമാണ് തൊടുപുഴ താലൂക്കിലെ ആദ്യശാഖ ആരംഭിക്കുന്നത്.
ഇതിനിടയില്‍ പിതാവിന്റെ ആഗ്രഹ പ്രകാരം കുറച്ച് കാലം മണക്കാട് എന്‍.എസ്.എസ് ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലി നോക്കിയെങ്കിലും സ്വന്തം താത്‌പര്യങ്ങള്‍ക്കപ്പുറം സാമൂഹ നന്മക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന തിരിച്ചറിവും തന്നില്‍ നിക്ഷിപ്‌തമായ നിയോഗവും തിരിച്ചറിഞ്ഞ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയായിരുന്നു.
1957 ഫിബ്രുവരി മുതല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. 1967 വരെയുള്ള കാലഘട്ടത്തില്‍ ഗുരുവായൂരും, കണ്ണൂരും കോട്ടയത്തും പ്രചാരകനായി പ്രവര്‍ത്തിച്ചു. 1967 ല്‍ ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ സംഘടനാ കാര്യദര്‍ശിയായും 1970 മുതല്‍ 77 വരെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1975 ജൂലൈ രണ്ടിന് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെത്തുടര്‍ന്ന് കോഴിക്കോട് വച്ച് പോലിസ് അറസ്റ്റ് ചെയ്‌ത നാരായണ്‍ജിയെ കള്ളക്കേസ് ചുമത്തി കോഴിക്കോട് ജയിലിലടച്ചു. 4 മാസത്തെ ജയില്‍വാസത്തിനുശേഷം കേസ് വെറുതേ വിട്ടതിനാല്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് 77 ല്‍ അടിയന്തിരാവസ്ഥ കഴിയും വരെ ഒളിവില്‍ പ്രവര്‍ത്തിച്ചു.
1957 മുതല്‍ കേസരി വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 20 വര്‍ഷക്കാലം ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദി പ്രസിദ്ധീകരണമായ പാഞ്ചജന്യ, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ എന്നിവയുടെ കേരള ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്‌തകങ്ങള്‍ എഴുതുകയും ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ഇപ്പോള്‍ നിരവധി മാസികകളിലും ജന്മഭൂമി ദിനപത്രത്തിലും സ്ഥിരം പംക്തികള്‍ കൈകാര്യംചെയ്യുന്നുണ്ട്. കൂടാതെ മറ്റ് പല പത്രങ്ങളിലും ഫ്രീലാന്റിംഗ് ചെയ്യുന്നുമുണ്ട്.
ഹിന്ദുത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ രണ്ടു ഭാഗങ്ങളായുള്ള ഹിന്ദുത്വരാഷ്‌ട്രീയം കേരളത്തില്‍, ഭാസ്‌കരറാവുവിന്റെ ജീവചരിത്രം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച (ഈ പുസ്‌തകം അവസാനദത്ത കമ്മ്യൂണിസം എന്ന പേരില്‍ കന്നഡയില്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്.) കെ. കേളപ്പന്‍ - ലഘുജീവചരിത്രം, പി.മാധവന്‍, - ലഘുജീവചരിത്രം തുടങ്ങി ചെറുതും വലുതുമായ നിരവധി പുസ്‌തകങ്ങള്‍ പി. നാരായണന്‍ രചിച്ചിട്ടുണ്ട്.
എച്ച്.വി ശേഷാദ്രിയുടെ സങ്കല്‍പം കര്‍മ്മപഥത്തില്‍, എച്ച്.വി ശേഷാദ്രിയുടെ തന്നെ വിഭജനത്തിന്റെ ദുഃഖകഥ, ബാല്‍ ശാസ്‌ത്രിവര്‍ദാസിന്റെ സായുധ സ്വാതന്ത്ര്യസമരം, വി.ഡി സവര്‍ക്കറുടെ ഭാരതചരിത്രത്തിലെ ആറു സുവര്‍ണകാലഘട്ടങ്ങള്‍, ഏകനാഥ് റാണഡെയുടെ വിവേകാനന്ദ സ്‌മാരകത്തിന്റെ ഇതിഹാസം, ഏകനാഥ് റാണഡെയുടെ തന്നെ സേവനം ഒരു തപസ്, ഡി.ബി ഠേഗ്‌ഡിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ തുടങ്ങിയ പുസ്‌തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും നാനാപാല്‍ക്കരുടെ ഡോക്‌ടര്‍ ഹെഡ്‌ഗേവാര്‍, ദീനദയാല്‍ ഉപാധ്യയുടെ ഏകാത്മക മാനവദര്‍ശനം, സി.പി. ദീക്ഷിതരുടെ ഗുരുജി പുതുയുഗത്തിന്റെ തേരാളി, സഹസ്രബുദ്ധേയുടെ ശ്രീഗുരുജി ലഘു ജീവചരിത്രം തുടങ്ങിയ പുസ്‌തകങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്. കൂടാതെ 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീ ഗുരുജി സാഹിത്യസര്‍വ്വസ്വത്തിന്റെ വിവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്‌തിട്ടുണ്ട്.
1977 ല്‍ വിവാഹിതനായി. എറണാകുളം സ്വദേശിനി എ. രാജേശ്വരിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. മൂത്തമകന്‍ മനു നാരായണന്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍എഞ്ചിനീയറാണ്. ഇളയമകന്‍ അനു നാരായണന്‍ അമൃത ടി.വി റിപ്പോര്‍ട്ടറാണ്. രണ്ട് പേരും വിവാഹിതരാണ്. മിനു, പ്രീനാലക്ഷ്‌മി എന്നിവര്‍ മരുമക്കളുമാണ്.
ഈ ജീവിത സായാഹ്നത്തിലും എഴുത്തിലും വായനയിലും ശ്രദ്ധയൂന്നി പ്രസിദ്ധിപരാങ്‌മുഖനായി കുമാരമംഗലത്തെ വീട്ടില്‍ ഭാര്യയോടും മക്കളോടും മരുമക്കളോടും പേരക്കുട്ടിയോടും ഒപ്പം ആരോടും പരിഭവമില്ലാതെ കഴിഞ്ഞുവരുന്നു.
സന്തോഷ് അറയ്‌ക്കല്‍
അറയ്‌ക്കല്‍ വീട്
വെങ്ങല്ലൂര്‍ പി.ഒ - 685584
തൊടുപുഴ.
Ph: 9961747406, 9447349951,
9037211243(R)
E-mail- arackantdpa@gmail.com
Thursday, November 11, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment